ഞങ്ങളെക്കുറിച്ച് • About Us

മലർവാടി ബാലസംഘം

ഞങ്ങളെ അറിയുക

മലർവാടി ബാലസംഘം കുട്ടികളുടെ സമഗ്ര വളർച്ചയും വ്യക്തിത്വ വികാസവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ്. അക്കാദമിക പഠനത്തിനപ്പുറം കുട്ടികളിലെ സർഗാത്മകത, കഴിവുകൾ, ജീവിത നൈപുണികൾ, നേതൃത്വശേഷി, ധാർമികബോധം, സാമൂഹിക പ്രതിബദ്ധത എന്നിവ വളർത്തിയെടുക്കുന്നതിലാണ് മലർവാടി ബാലസംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കുട്ടികൾക്ക് അവരുടെ കഴിവുകളും താൽപര്യങ്ങളും കണ്ടെത്താനും വികസിപ്പിക്കാനും അവസരമൊരുക്കുന്ന വൈവിധ്യമാർന്ന പരിപാടികളും പ്രവർത്തനങ്ങളുമാണ് മലർവാടി ബാലസംഘം ആവിഷ്കരിക്കുന്നത്. ഇന്നത്തെ കുട്ടികൾ അഭിമുഖീകരിക്കുന്ന ഡിജിറ്റൽ ലോകത്തെ വെല്ലുവിളികൾ, സ്ക്രീൻ അഡിക്ഷൻ, വ്യക്തിബന്ധങ്ങളിലെ സങ്കീർണതകൾ, ആത്മവിശ്വാസക്കുറവ്, ആശയവിനിമയത്തിലെ പരിമിതികൾ തുടങ്ങിയ വിഷയങ്ങളിൽ ആവശ്യമായ ബോധവൽക്കരണവും മാർഗനിർദ്ദേശവും നൽകുകയും ചെയ്യുന്നു.

Objectives

ധാർമിക ബോധവും നൈതിക മൂല്യങ്ങളും സാമൂഹിക പ്രതിബദ്ധതയും നേതൃത്വശേഷിയും ഉള്ള, ഉത്തരവാദിത്വബോധമുള്ള ഒരു ഉത്തമ തലമുറയെ വളർത്തിയെടുക്കുക എന്നതാണ് മലർവാടി ബാലസംഘത്തിന്റെ പ്രധാന ലക്ഷ്യം.

ഇതിനായി മലർവാടി ബാലസംഘം:

  • കുട്ടികളുടെ സർഗാത്മകവും ബൗദ്ധികവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നു.
  • ആത്മവിശ്വാസത്തോടെയും പക്വതയോടെയും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ ആവശ്യമായ Life Skills വികസിപ്പിക്കുന്നു.
  • ആരോഗ്യകരമായ വ്യക്തിബന്ധങ്ങളും സാമൂഹിക ഇടപെടലുകളും വളർത്തിയെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.
  • ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉത്തരവാദിത്വപൂർവമായ ഉപയോഗത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും Screen Addiction ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടാൻ മാർഗനിർദ്ദേശം നൽകുകയും ചെയ്യുന്നു.
  • ധാർമികത, നൈതികത, സഹാനുഭൂതി, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ മൂല്യങ്ങൾ കുട്ടികളിൽ വളർത്തുന്നു.
  • Leadership, Communication, Teamwork, Decision-Making തുടങ്ങിയ കഴിവുകൾ പ്രായോഗികമായി വികസിപ്പിക്കുന്നു.
  • സ്കൂൾ, ക്ലാസ് തലങ്ങളിൽ Captain, Secretary തുടങ്ങിയ ഉത്തരവാദിത്വങ്ങൾ നൽകിക്കൊണ്ട് കുട്ടികൾക്ക് നേതൃത്വപരിചയം നേടാനുള്ള അവസരങ്ങൾ ഒരുക്കുന്നു.
  • മാതാപിതാക്കളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനായി Parenting Classes ഉൾപ്പെടെയുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.
  • കുട്ടികളുടെ കഴിവുകളും താൽപര്യങ്ങളും തിരിച്ചറിഞ്ഞ് അവ പരിപോഷിപ്പിക്കുന്നതിനുള്ള അനുയോജ്യമായ വേദികളും അവസരങ്ങളും ഒരുക്കുന്നു.

Our Global Presence

കേരളത്തിൽ വേരൂന്നിയ മലർവാടി ബാലസംഘത്തിന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും GCC രാജ്യങ്ങൾ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ച സജീവ യൂണിറ്റുകളുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളെയും കുടുംബങ്ങളെയും ഒരുമിച്ച് ചേർത്ത്, മൂല്യബോധമുള്ള, കഴിവുറ്റ, ആത്മവിശ്വാസമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്വമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മലർവാടി അതിന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.

Know more
  • 250+കേന്ദ്രങ്ങൾ
  • 10,000+കുട്ടികൾ
  • 10+രാജ്യങ്ങളിൽ പ്രവർത്തനം

ചരിത്രം

ഒരു മാസികയിൽ നിന്ന് കുട്ടികളുടെ സമഗ്രവികസനത്തിനായുള്ള കൂട്ടായ്മയിലേക്ക്

കുട്ടികൾക്ക് മൂല്യാധിഷ്ഠിതമായ വായന ഒരുക്കുക എന്ന ലക്ഷ്യത്തോടെ 1980 നവംബറിലാണ് മലർവാടി മാസികയുടെ തുടക്കം.

നാല് പതിറ്റാണ്ടോളം സാഹിത്യ-സാംസ്കാരിക മേഖലകളിൽ കുട്ടികളുടെ പ്രിയപ്പെട്ട പ്രസിദ്ധീകരണമായി ഒപ്പം നിന്ന മലർവാടി മാസിക, കേവലം വായനയ്ക്കുള്ള ഒരു മാസിക എന്ന പരിധി കടന്ന് കുട്ടികളുടെ സർഗ്ഗശേഷിയെയും വ്യക്തിത്വത്തെയും ജീവിതനൈപുണികളെയും നേരിട്ട് പരിപോഷിപ്പിക്കുന്ന ഒരു സജീവ വേദിയായി മാറണമെന്ന ചിന്തയിലേക്കെത്തുകയായിരുന്നു.

ഈ ആശയത്തിന്റെ സ്വാഭാവികമായ തുടർച്ചയായാണ് മലർവാടി ബാലസംഘം രൂപംകൊള്ളുന്നത്.

ഞങ്ങളുടെ യാത്ര കാണുക
അറിവ് നന്മയിലേക്ക് നയിക്കുന്ന പ്രകാശംകുട്ടികൾ നാളെയെ വരയ്ക്കുന്ന ഒരു സമൂഹം

തുടക്കം

2003 നവംബറിൽ മലർവാടി ബാലസംഘത്തിന്റെ ഘടനാപരമായ വിപുലീകരണത്തിന് തുടക്കം കുറിച്ചു. മലർവാടി ബാലസംഘത്തിന്റെ ആദ്യ സംസ്ഥാന കോ-ഓർഡിനേറ്ററായി അക്ബർ വാണിയമ്പലവും ജനറൽ സെക്രട്ടറിയായി മുസ്തഫ മങ്കടയും നേതൃത്വം നൽകി. ആദ്യഘട്ടത്തിൽ 10 അംഗ സംസ്ഥാന സമിതിക്ക് രൂപം നൽകി.

തുടർന്ന് കുട്ടികളുടെ സർഗ്ഗാത്മകതയും കഴിവുകളും നേതൃത്വശേഷിയും സാമൂഹികബോധവും വളർത്തുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ മലർവാടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.

ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക്

കേരളത്തിലെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ വാർഡുകളിലും വിദ്യാലയങ്ങളിലും യൂണിറ്റുകൾ രൂപീകരിച്ചുകൊണ്ട് കുട്ടികൾക്ക് അവരുടെ കഴിവുകളും ആശയങ്ങളും പ്രകടിപ്പിക്കാനുള്ള സർഗ്ഗാത്മക വേദികളാണ് മലർവാടി ഒരുക്കിയത്.

വേനലവധിക്കാലത്ത് സംഘടിപ്പിച്ച ‘ഒരുമയുടെ പുഞ്ചിരി’ ബാലോത്സവങ്ങളും ‘കളിമുറ്റങ്ങളും’ സാധാരണക്കാരായ കുട്ടികൾക്ക് സന്തോഷവും കൂട്ടായ്മയും സർഗ്ഗാത്മകതയും നിറഞ്ഞ പൊതുവേദികളായി മാറി.

കുട്ടികൾക്ക് പഠിക്കാനും കളിക്കാനും കഴിവുകൾ പ്രകടിപ്പിക്കാനും പരസ്പരം അറിയാനും അവസരം നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ മലർവാടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു.

വിജ്ഞാനവും സർഗ്ഗശേഷിയും

കുട്ടികളുടെ അറിവിനും ചിന്താശേഷിക്കും പ്രോത്സാഹനം നൽകുന്നതിനായി ‘ലിറ്റിൽ സ്‌കോളർ വിജ്ഞാനോത്സവം’ പോലുള്ള വിപുലമായ മത്സരപരിപാടികൾക്ക് മലർവാടി തുടക്കമിട്ടു.

കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ‘മഴവില്ല്’ ബാലചിത്രരചനാ മത്സരം ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചു.

കുട്ടികളുടെ പരിപാടികൾക്കൊപ്പം രക്ഷിതാക്കളുടെ പങ്കാളിത്തത്തിനും പ്രാധാന്യം നൽകി. മഴവില്ല് മത്സരങ്ങളോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി പാരന്റിംഗ് സെഷനുകളും സംഘടിപ്പിച്ചു. കുട്ടികളുടെ വളർച്ചയിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പങ്ക് ഒരുപോലെ ശക്തിപ്പെടുത്തുക എന്നതായിരുന്നു ഇത്തരം ഇടപെടലുകളുടെ ലക്ഷ്യം.

വിദ്യാലയങ്ങളിലെ മലർവാടി ക്ലബ്ബുകൾ

വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ‘വിദ്യാ കൗൺസിൽ’ സംവിധാനത്തിലൂടെ മലർവാടി സ്കൂൾതല പ്രവർത്തനങ്ങൾക്കും കൂടുതൽ ക്രമബദ്ധമായ രൂപം നൽകി.

കുട്ടികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ മലർവാടി ക്ലബ്ബുകളിലൂടെ:

  • ജനാധിപത്യപരമായ നേതൃത്വശേഷി
  • ടീം വർക്ക്
  • ആശയവിനിമയശേഷി
  • തീരുമാനമെടുക്കാനുള്ള കഴിവ്
  • പ്രായോഗിക ജീവിതനൈപുണികൾ
  • ഉത്തരവാദിത്വബോധം

എന്നിവ വളർത്തുന്നതിനുള്ള അവസരങ്ങൾ ഒരുക്കി.

കുട്ടികളെ പരിപാടികളിലെ കേവലം പങ്കാളികളായി കാണാതെ, സ്വന്തം കഴിവുകളും നേതൃത്വവും ഉപയോഗിച്ച് പ്രവർത്തിക്കുന്നവരായി വളർത്തുക എന്ന സമീപനമാണ് മലർവാടി സ്വീകരിച്ചത്.

ഡിജിറ്റൽ കാലത്തേക്ക്

കാലത്തിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് കുട്ടികളുടെ വായനയും പഠനവും ഡിജിറ്റൽ ലോകത്തേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2024 നവംബറിൽ ‘മലർവാടി സെയ്ടൂൺ കിഡ്സ്’ ആപ്പ് ആരംഭിച്ചു.

കുട്ടികളുടെ പ്രായത്തിനും മനസ്സിനും അനുയോജ്യമായ ഉള്ളടക്കങ്ങൾ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ സംരംഭം മലർവാടിയുടെ ഡിജിറ്റൽ യാത്രയിലെ പ്രധാന ചുവടുവയ്പ്പായി.

സേവനത്തിന്റെ കൈത്താങ്ങ് — ‘ചങ്ങാതിക്കൊരു വീട്’

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തുന്നതിൽ മലർവാടി എന്നും ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ഇതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ് ‘ചങ്ങാതിക്കൊരു വീട്’.

മലർവാടി കുട്ടികൾ തന്നെ സ്വരൂപിച്ച തുക ഉപയോഗിച്ച് അർഹരായ കൊച്ചുകൂട്ടുകാർക്കായി എട്ട് വീടുകൾ നിർമ്മിച്ചുനൽകിയത് മലർവാടിയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറി.

കുട്ടികൾക്ക് നന്മയെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നതിനപ്പുറം, നന്മ പ്രവർത്തിച്ചുകൊണ്ട് അനുഭവിക്കാനും പങ്കുവെക്കാനും കഴിയുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ സന്ദേശം.

കലയും സന്ദേശവും

കുട്ടികളിൽ മൂല്യബോധവും സർഗ്ഗാത്മകതയും വളർത്തുന്നതിനായി വിവിധ കലാ-മാധ്യമ സംരംഭങ്ങൾക്കും മലർവാടി നേതൃത്വം നൽകി.

നന്മയുടെ മൂല്യങ്ങൾ പകരുന്ന ഗാനങ്ങളും ‘8 ജി.ബി.’, ‘കുട്ടാപ്പി’ തുടങ്ങിയ ടെലിഫിലിമുകളും പുറത്തിറക്കി. കുട്ടികളുടെ അഭിരുചികളെയും സമകാലിക മാധ്യമങ്ങളെയും പ്രയോജനപ്പെടുത്തി മൂല്യാധിഷ്ഠിത സന്ദേശങ്ങൾ കൂടുതൽ ആകർഷകമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു ഇവ.

ഇന്നും തുടരുന്ന യാത്ര

1980-ൽ ഒരു മാസികയായി ആരംഭിച്ച യാത്ര, പിന്നീട് കുട്ടികളുടെ വായന, സർഗ്ഗശേഷി, വിജ്ഞാനം, നേതൃത്വം, ജീവിതനൈപുണി, സാമൂഹിക പ്രതിബദ്ധത, ഡിജിറ്റൽ ഇടപെടൽ തുടങ്ങിയ മേഖലകളിലേക്ക് വളർന്നു.

കാലത്തിനനുസരിച്ച് രൂപവും പ്രവർത്തനരീതികളും മാറിയെങ്കിലും മലർവാടിയുടെ അടിസ്ഥാന ലക്ഷ്യം മാറ്റമില്ലാതെ തുടരുന്നു:

കുട്ടികളെ നല്ല വായനക്കാരായും കഴിവുറ്റ വ്യക്തികളായും ഉത്തരവാദിത്വമുള്ള പൗരന്മാരായും വളർത്തുക.

നാല് പതിറ്റാണ്ടിലേറെ നീണ്ട ഈ യാത്രയിൽ ഒപ്പമുണ്ടായ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പ്രവർത്തകർക്കും അഭ്യുദയകാംക്ഷികൾക്കും പിന്തുണച്ച എല്ലാവർക്കും നന്ദി.

ഇത് ഒരു സംഘടനയുടെ മാത്രം ചരിത്രമല്ല; നല്ലൊരു തലമുറയെ സ്വപ്നം കണ്ടും വളർത്തിയും മുന്നേറുന്ന ഒരു കൂട്ടായ്മയുടെ യാത്രയാണ്.
ചേരൂ, കളിക്കൂ, വളരൂ
മലർവാടിയിൽ അണിചേരാം