About Us
ലോകമെമ്പാടുമുള്ള മലയാളി കുരുന്നുകളിൽ വിജ്ഞാന കൗതുകങ്ങളുടെ വിരുന്നൂട്ടുന്ന അറിവുത്സവമാണ് ലിറ്റിൽ സ്കോളർ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി പ്രൈമറി ഹൈസ്കൂൾ വിദ്യാർത്ഥികളുടെ വിജ്ഞാന സമ്പാദ്യത്തിൽ വലിയ സംഭാവനകൾ അർപ്പിക്കുവാൻ ഈ വിജ്ഞാനോത്സവത്തിന് സാധിച്ചിട്ടുണ്ട്. ചരിത്രം, കല, കായികം, ശാസ്ത്രം, സാമൂഹികം, വിവര സാങ്കേതികം, സമകാലികം തുടങ്ങി ഒട്ടനവധി വിഷയങ്ങളിൽ മത്സര ബുദ്ധിയോടെ മുന്നേറാനും വിവരങ്ങൾക്കൊപ്പം ഓരോ ചോദ്യത്തിലുമുള്ള മൂല്യങ്ങളെ തിരിച്ചറിയാനും പ്രാപ്തമാക്കുന്ന സ്വഭാവത്തിൽ ഉള്ളടക്കത്തെ രൂപകല്പന ചെയ്തു കൊണ്ടാണ് ലിറ്റിൽ സ്കോളർ നാളിതു വരെയും മുന്നോട്ടു പോയത്. വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുക മാത്രമല്ല; വിവേകമുളള ഒരു തലമുറയെ രൂപപ്പെടുത്തുക കൂടിയാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്. കോവിഡ് മഹാമാരിയിലും ലോകമെമ്പാടുമുള്ള മലയാളി കുടുംബത്തിന്റെ വീടകങ്ങളിൽ അറിവിൻ വിളക്കാവാൻ പ്രസ്തുത മത്സരത്തിന് സാധിച്ചിട്ടുണ്ട്.
കൈ നിറയെ സമ്മാനങ്ങളുമായി സന്തോഷത്തോടെ മടങ്ങുന്ന മത്സരാർത്ഥികളും കുടുംബാംഗങ്ങളും കേരളത്തിന്റെ വടക്ക് കാസർഗോഡ് മുതൽ തെക്ക് അനന്തപുരി വരെ കണ്ണിനും മനസ്സിനും ആനന്ദം പകരുന്ന കാഴ്ചയാണ്.
വിജ്ഞാന രഥമേറാൻ 2022 ഒരുങ്ങിക്കഴിഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ആദ്യ രണ്ട് റൗണ്ടുകൾ ഓൺലൈനിലും അവസാന മെഗാ റൗണ്ട് ഓഫ് ലൈനിലുമായിരിക്കും. മലയാളി കുടുംബത്തിന്റെ വിജ്ഞാന നിഘണ്ടുവിൽ വേറിട്ട് നിൽക്കുന്ന മലർവാടി ലിറ്റിൽ സ്കോളർ മത്സരത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം !